ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1962-ൽ നിലവിൽ വന്ന മുണ്ടൂർ പഞ്ചായത്തിൽ മുണ്ടൂര്, പൂനൂര്, എഴക്കാട്, കാഞ്ഞിക്കുളം എന്നീ അംശങ്ങൾ ഉൾപ്പെട്ടിരുന്നു. പഴയകാലം മുതൽ ഇവിടെ ഒരു വിഭാഗം ജനങ്ങളുടെ തൊഴിൽ നെയ്ത്തായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവിടെ നെയ്യുന്ന വസ്ത്രങ്ങൾ അയൽ ഗ്രാമങ്ങളിൽ വിൽക്കുകയും അയൽഗ്രാമക്കാർ വസ്ത്രങ്ങൾക്കായി മാത്രം ഇവിടെ വരികയും ചെയ്തിരുന്നു. ഈ സ്ഥിതിവിശേഷമാവാം ഇങ്ങനെയൊരു സ്ഥലനാമം ഉണ്ടാവാൻ കാരണം. മുണ്ടൂരിലെ വേലിക്കാടിനടുത്ത് വടക്കന്റെ കാട് എന്ന സ്ഥലത്തുനിന്നും പോയവരാണ് വടക്കന്തറയിൽ സ്ഥിരതാമസമാക്കിയ ജൈനർ എന്ന് പറയപ്പെടുന്നു. വടക്കന്റെ കാട്ടിൽ വ്യാപകമായി നന്നങ്ങാടികൾ കാണപ്പെടുന്നത് പുരാതനകാലത്ത് മുണ്ടൂരിലുണ്ടായിരുന്ന ജൈന-ബുദ്ധ മതങ്ങളുടെ സ്വാധീനമാണ് സൂചിപ്പിക്കുന്നത്. മുണ്ടൂരിലെ പുരാതന ദേവാലയങ്ങളാണ് പുളിയങ്കോട് മുസ്ളീംപള്ളിയും, കോവിൽ പറമ്പിലെ ക്രിസ്തീയ ദേവാലയവും. പുരാതനകാലം മുതലേ കഥകളി തുടങ്ങിയ ക്ഷേത്രകലകൾക്ക് മുണ്ടൂരിൽ നല്ല പ്രചാരമുണ്ടാായിരുന്നു. മുണ്ടൂരംശത്തെ അതിപ്രധാനമായ ഒരു വേലയാണ് കുമ്മാട്ടി. മുണ്ടൂരിലെ സാംസ്കാരിക സമന്വയത്തിനും കൂട്ടായ്മക്കും അന്തർധാരയായി നിലകൊള്ളുന്ന സവിശേഷത കൂടിയാണിത്. പ്രശസ്തരായ നാട്ടുവൈദ്യൻമാർ മുണ്ടൂരിന്റെ അനുഗ്രഹമായിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുമ്പുതന്നെ മുണ്ടൂരിൽ ആയുർവ്വേദ ആസ്പത്രി പ്രവർത്തിച്ചിരുന്നു. വളരെ പണ്ട് മുതൽതന്നെ സാംസ്കാരികമായ ഒരു അടിത്തറയും ഐക്യവും മുണ്ടൂരിലെ ജനജീവിതത്തിൽ തെളിഞ്ഞുകാണാം. വ്യത്യസ്ത വിശ്വാസാചാരങ്ങളുടെ സമന്വയത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന ജീവിതശൈലിയാണിതിനു കാരണമെന്നു കാണാം. മുണ്ടൂരിൽ പണ്ടുമുതൽ ജീവിച്ചിരുന്ന ജനങ്ങൾ പ്രധാനമായും ഹൈന്ദവ-ക്രൈസ്തവ-മുസ്ളീം വിഭാഗങ്ങളിൽപെട്ടവരായിരുന്നുവെന്നു കാണാം. ഉത്സവങ്ങൾ മുണ്ടൂരിലെ സാംസ്കാരിക സമന്വയത്തിന്റെയും മതമൈത്രിയുടെയും പ്രതീകങ്ങൾ കൂടിയാണ്. ഗതംകാവ്, കയറംകാവ്, പാലക്കീഴ്ത്താവ്, എഴക്കാട്, കുന്നപ്പുള്ളികാവ് എന്നിവിടങ്ങളിൽ പാട്ടുതാലപ്പൊലിയും, കയറംകാവ്, മേപ്പനാട്ടുകാവ്, മന്ദത്തുകാവ്, ശ്രീകുറുമ്പകാവ്, പൂതനൂർ, ചെറിയ കുന്നംപുള്ളികാവ് എന്നിവിടങ്ങളിൽ വിളക്ക് താലപ്പൊലിയും നടക്കുന്നു. എഴക്കാട്, പൂതനൂർ, പാലക്കീഴ് കാവുകളിൽ തോൽ പാവക്കൂത്ത് നടത്തിവരുന്നു. കയറംകാവിലെ കയറനൂട്ട് പ്രസിദ്ധമാണ്. യറംകാവിലെ കയറനൂട്ട് പ്രസിദ്ധമാണ്. ജാതിമത വ്യത്യാസമില്ലാതെ ജനങ്ങൾ പങ്കെടുക്കുന്ന മാത്തൂരിലെ തെരുവത്ത് പള്ളിനേർച്ച വളരെ പ്രസിദ്ധമാണ്. പണ്ടുമുതലേ മുണ്ടൂരിലെ സാമ്പത്തികഘടനയുടെ അടിത്തറ നെൽകൃഷിയായിരുന്നു. നെൽകൃഷിയിൽ ഏർപ്പെട്ടിരുന്നവരിൽ ഏറെയും ഈഴവ സമുദായക്കാരായിരുന്നു. 1950-കളിൽ മുണ്ടൂരിൽ നല്ലനിലയിൽ ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നു. വിവേകാനന്ദ വായനശാല, ജയ്ഹിന്ദ് വായനശാല എന്നിവ അക്കാലത്തെ പ്രമുഖ ഗ്രന്ഥശാലകളായിരുന്നു. സാംസ്കാരികരംഗത്ത് നാടകപ്രസ്ഥാനം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ചെറുകാട്, കെ.ദാമോദരൻ, കെ.ടി. മുഹമ്മദ്, ഉറൂബ്, വി.ടി.ഭട്ടതിരി, ഇടശ്ശേരി എന്നിവരുടെ നാടകങ്ങൾ വർഷംതോറും അവതരിപ്പിക്കുന്നതിൽ പ്രസ്തുത ഗ്രന്ഥാലയങ്ങൾ നിസ്തുലമായ പങ്കാണ് വഹിച്ചത്. ചെറുകാട് അവാർഡ് നേടിയ മുണ്ടൂർ കൃഷ്ണൻകുട്ടിയും, മുണ്ടശ്ശേരി അവാർഡ് നേടിയ മുണ്ടൂർ സേതുമാധവനും അവരുടെ സാഹിത്യസപര്യയിലൂടെ അവർ ഈ ഗ്രാമത്തിന്റെ കീർത്തി നാടെങ്ങും എത്തിക്കുകയായിരുന്നു.