2026-27 വാര്ഷിക പദ്ധതി
ജനകീയാസൂത്രണ പ്രക്രിയ കേരളത്തിന്റെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ ശക്തമായ അടിത്തറയാണ്. ഭരണഘടനയുടെ 73-ാം ഭേദഗതിയിലൂടെ അധികാര വികേന്ദ്രീകരണം സാധ്യമായതോടെ, ഗ്രാമപഞ്ചായത്തുകൾ ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കേന്ദ്രബിന്ദുവാക്കി വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ട സാഹചര്യം രൂപപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതികൾ ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കി നടപ്പിലാക്കുന്നത്.
സാമൂഹിക നീതി ഉറപ്പാക്കൽ, ദാരിദ്ര്യ നിർമാർജനം, അടിസ്ഥാന സൗകര്യ വികസനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, വനിതാ, കുട്ടി, വൃദ്ധ ക്ഷേമം, പട്ടികജാതി - പട്ടികവർഗ വികസനം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾ, സുസ്ഥിര വികസനം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്ര സമീപനമാണ് പഞ്ചായത്തിൻന്റെ വികസന കാഴ്ചപ്പാട്. പ്രദേശത്തിന്റെ ഭൗതിക, സാമൂഹിക, സാമ്പത്തിക സവിശേഷതകൾ കൃത്യമായി വിലയിരുത്തിയാണ് പദ്ധതികൾ രൂപപ്പെടുത്തുന്നത്.
മുണ്ടൂർ ഗ്രാമപഞ്ചായത്തി്റെ വികസന മുൻഗണനകൾ നിർണ്ണയിക്കുന്നതിനും, വാർഡ്തല സഭകൾ, വികസന സെമിനാർ, വർക്കിംഗ് ഗ്രൂപ്പുകൾ തുടങ്ങിയ ഘട്ടങ്ങളിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾ സംയോജിപ്പിക്കുന്നതിനും വികസന സെമിനാർ പ്രധാന വേദിയായി പ്രവർത്തിക്കുന്നു. വിവിധ വികസന മേഖലകളിൽ രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പുകൾ നടത്തിയ പഠനങ്ങളും വിശകലനങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ കരട് നിർദ്ദേശങ്ങളാണ് ഈ സെമിനാറിൽ ചർച്ച ചെയ്യുന്നത്.
ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിദഗ്ധർ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകസംഘടനകൾ, യുവജനവിദ്യാർത്ഥി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തിലൂടെയാണ് വികസന സെമിനാർ നടത്തപ്പെടുന്നത്. ഇതുവഴി പഞ്ചായത്തിൻ്റെ യഥാർത്ഥ വികസന ആവശ്യങ്ങൾ തിരിച്ചറിയാനും, പ്രായോഗികവും ജനോപകാരപ്രദവുമായ പദ്ധതികൾക്ക് രൂപം നൽകാനും സാധിക്കുന്നു.